ശരീരത്തിൻറെ ഒരു ഭാഗം തളർന്നു പോകുന്ന ഹെമിപ്ലീജിയ രോഗികളെ സഹായിക്കുന്നതിനായി സ്മാർട്ട് മെഡിക്കൽ ഗ്ലൗസ് വികസിപ്പിച്ച് ഒമാൻ വിദ്യാർഥി. മസ്കത്തിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ അൽ അസ്ഹർ സാഹിർ അൽ ജാബ്രി ആണ് ഹെമിപ്ലിജിയ രോഗികൾക്ക് പ്രതീക്ഷയേകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഹെമിപ്ലീജിയ ബാധിച്ച് മരണപ്പെട്ട തൻറെ അമ്മയുടെ ഓർമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാബ്രി 2021ൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. അടുത്തവർഷം ആദ്യം പ്രോജക്ട് പൂർത്തിയാക്കി സ്ഥിരമായ ഉപയോഗത്തിനായി ഗ്ലൗസ് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന്ജാബ്രി വ്യക്തമാക്കി. ഉപകരണത്തിൽ ഒരുക്കിയിരിക്കുന്ന പ്രീ പ്രോഗ്രാമ്മഡ് സ്പെഷ്യലൈസ്ഡ് ചലനങ്ങളിലൂടെ കൈ ചലിപ്പിക്കാൻ ഗ്ലൗസ് സഹായിക്കും. ലോകമെമ്പാടുമുള്ള ഡോക്ടർമാരുമായി ആശയം വിനിമയം നടത്താൻ രോഗികളെ അനുവദിക്കുകയും ആരോഗ്യ സെൻസർ റീഡിങ്ങുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു മൊബൈൽ ആപ്ലിക്കേഷനുമായി ഇത് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ജബ്രി വിശദീകരിച്ചു. ചില പ്രവർത്തനങ്ങൾ സ്വന്തമായി നിർവഹിക്കാൻ രോഗികളെ സഹായിക്കുന്ന ലളിതമായ ദൈനംദിന ചലനങ്ങൾ ഗ്ലൗസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ജാബ്രി കൂട്ടിച്ചേർത്തു.