ഡോക്ടർ ആകാനുള്ള ചിരകാല മോഹം സാക്ഷാൽക്കരിക്കാൻ, മകൾക്കൊപ്പം നീറ്റ് പരീക്ഷയെഴുതി 47-കാരനായ പിതാവ്

ഡോക്ടർ ആകാനുള്ള ചിരകാല മോഹം സാക്ഷാൽക്കരിക്കാൻ, മകൾക്കൊപ്പം നീറ്റ് പരീക്ഷയെഴുതി 47-കാരനായ പിതാവ്. മലപ്പുറം സ്വദേശിയായ മുഹമ്മദലി സഖാഫിയാണ്‌ മകൾ ഫാത്തിമ സനിയ്യക്കൊപ്പം ഇത്തവണ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയത്. 30 വർഷം മനസ്സിൽ കൊണ്ട് നടന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ 47-കാരൻ. പഠിച്ചിരുന്ന കാലത്ത് പ്രീഡിഗ്രി തേർഡ് ഗ്രൂപ്പ് ആയതിനാൽ നീറ്റ് എഴുതാൻവേണ്ടി മാത്രം കഴിഞ്ഞവർഷം കോട്ടക്കൽ വിദ്യാഭവൻ സീനിയർ സെക്കൻഡറി ഇംഗ്ലീഷ് സ്‌കൂളിൽനിന്ന് പ്ലസ് ടു സയൻസ് പരീക്ഷ എഴുതി പാസ്സായി. തുടർന്ന് നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകൾക്കൊപ്പം പിതാവും പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. പ്ലസ് ടു സയൻസ് പഠനത്തിനും നീറ്റ് പരിശീലനത്തിനും മകളായിരുന്നു ഏറ്റവും വലിയ പിന്തുണ നൽകിയതെന്ന് മുഹമ്മദലി പറയുന്നു. പരീശീലനത്തിനായി സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങളെ ആശ്രയിക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാൽ വീട്ടിലിരുന്ന് പഠിച്ചാണ് പിതാവും മകളും പരീക്ഷയ്ക്ക് തയ്യാറെടുത്തത്. കുന്ദമംഗലത്തെ ഒരു ക്ലിനിക്കിൽ ജോലിചെയ്യുന്ന മുഹമ്മദലി ജോലിക്കിടെ കിട്ടുന്ന ഒഴിവ് സമയവും പഠിക്കാനായി പ്രയോജനപ്പെടുത്തി. വെറും തമാശയായല്ല, മറിച്ച് നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടി എം.ബി.ബി.എസ്. പഠനത്തിന് പ്രവേശനം നേടുക എന്നത് തന്നെയാണ് തന്റെ ആഗ്രഹമെന്ന് മുഹമ്മദലി പറയുന്നു.