ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാട് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും. കേരളത്തോടുചേർന്നുള്ള കോയമ്പത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാർ ഉൾപ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് നിരീക്ഷണം ശക്തമാക്കിയത്. ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ശക്തമാക്കിയതായി തമിഴ്നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശമുണ്ട്.