വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകൾ പ്രതിദിനം 3500 ജീവൻ അപഹരിക്കുന്നതായി ലോകാരോഗ്യ സംഘടന

വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകൾ പ്രതിദിനം 3500 ജീവൻ അപഹരിക്കുന്നതായി ലോകാരോഗ്യ സംഘടന. 187 രാജ്യങ്ങളിലായി ഈ അണുബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം 2019-ൽ 1.1 ദശലക്ഷത്തിൽ നിന്ന് 2022-ൽ 1.3 ദശലക്ഷമായി ഉയർന്നു. ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകൾ മൂലം ലോകത്തിൽ പ്രതിദിനം 3500 പേർ മരിക്കുന്നതായി ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഹെപ്പറ്റൈറ്റിസ് അണുബാധ തടയുന്നതിൽ ലോകത്തിന് പുരോഗതിയുണ്ടായിട്ടും ഹെപ്പറ്റൈറ്റിസ് ബാധിച്ച വളരെ കുറച്ച് ആളുകൾക്ക് രോഗനിർണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതിനാൽ ആണ് മരണങ്ങൾ കൂടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. കരൾ വീക്കം, ക്ഷതം, ക്യാൻസർ എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒരു പകർച്ചവ്യാധിയായ വൈറൽ ഹെപ്പറ്റൈറ്റിസ് ലോകത്തിൽ മരണത്തിൻ്റെ രണ്ടാമത്തെ കാരണമായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.