പൊതുജനാരോഗ്യപരിപാലനത്തിൽ കൊല്ലം ജില്ലയുടെ പ്രവർത്തനങ്ങൾ മികവുറ്റതെന്ന് ദേശീയ ആരോഗ്യമന്ത്രാലയം

പൊതുജനാരോഗ്യപരിപാലനത്തിൽ കൊല്ലം ജില്ലയുടെ പ്രവർത്തനങ്ങൾ മികവുറ്റതെന്ന് ദേശീയ ആരോഗ്യമന്ത്രാലയം. ഡബ്ല്യു.എച്ച്.ഒ. എൻ.എസ്.പി.എൻ വിലയിരുത്തലിന്റെ ഭാഗമായാണ് കൊല്ലം ജില്ലാ കലക്ടർ എൻ. ദേവിദാസിന്റെ അധ്യക്ഷതയിൽ ചേമ്പറിൽ യോഗം ചേർന്നത്. പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തീകരണത്തിനും ദേശീയതലത്തിൽ പൊതുജനാരോഗ്യ സംവിനാധത്തിന്റെ പിന്തുണക്കുമായി നെറ്റ്‌വർക്ക് രൂപപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ദേശീയ പോളിയോ സർവെയ്‌ലൻസ് പ്രോജക്ട് പ്രവർത്തനലക്ഷ്യം വിജയകരമാക്കിയ പശ്ചാത്തലത്തിലാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചിട്ടുളളത്. രോഗപ്രതിരോധ-നിയന്ത്രണപ്രവർത്തനങ്ങളിൽ വൈദഗ്ധ്യം ലഭിച്ചവർ, നയരൂപീകരണ വിദഗ്ധർ, ജില്ലാ ഭരണകൂടം, ആരോഗ്യ പ്രവർത്തകർ, ജില്ലാതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങി വിവിധ തലങ്ങളിൽ നടത്തുന്ന തുറന്ന സംവാദങ്ങൾ. രേഖകളുടെയും ഡേറ്റകളുടെയും വിശകലനം, ആരോഗ്യ കേന്ദ്രങ്ങളിലെ സന്ദർശനവും പരിശോധനയും തുടങ്ങി വിവിധ തട്ടുകളിലായാണ് പഠനം നടത്തുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫയർ പ്രതിനിധി, ചീഫ് മെഡിക്കൽ ഓഫീസർ, കൊല്ലം ഐ.എ.പി പ്രസിഡന്റ്, ലോകാരോഗ്യസംഘടനയുടെ കൺസൾട്ടന്റ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.