ഹൃദ്യം പദ്ധതിയിലൂടെ സംസ്ഥാനത്തെ 7272 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി ആരോഗ്യ വകുപ്പ്. കാലതാമസമില്ലാതെ കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ കൊടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നിരുന്നു. യോഗത്തെ തുടർന്ന് കൂടുതൽ ആശുപത്രികളിൽ ഹൃദ്യം പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികൾ നടക്കുകയാണ്. ചികിത്സയ്ക്കായി ആകെ 21,060 കുട്ടികൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തവരിൽ ശസ്ത്രക്രിയ ആവശ്യമായ 7,272 കുട്ടികൾക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടന്ന കുട്ടികൾക്ക് ചികിത്സ തുടരുന്നതിനായി ഹൃദ്യം വെബ് സൈറ്റ് പുതുക്കി. അത്യാവശ്യ ചികിത്സ വേണ്ട കേസുകളിൽ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും, ഇതിനായി വെന്റിലേറ്റർ/ ഐ.സി.യു. ആംബുലൻസ് സേവനവും നൽകി. ഹൃദ്രോഗ ലക്ഷണങ്ങൾ വീടുകളിലോ, അങ്കണവാടികളിലോ സ്കൂളുകളിൽ സ്‌ക്രീനിംഗ് നടത്തിയോ കണ്ടെത്തിയാൽ എക്കോ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി ഉൾപ്പെടെ കൂടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള കാര്യങ്ങൾ നടക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങൾക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.