രക്താർബുദത്തെ അതിജീവിച്ച ആറു വയസ്സുകാരി റൂബി ലീനിങ്ങും, അവളെ രോഗത്തിൽ നിന്നും മുക്തയാകാൻ സഹായിച്ച കുഞ്ഞനുജത്തിയുടെയും വാർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ആറു വയസിലാണ് റൂബി ലീനിങ്ന് അപൂർവ രോഗാവസ്ഥകളിൽ ഒന്നായ ലിംഫോസൈറ്റിക് രക്താർബുദം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. രോഗനിർണയം നടന്ന സമയത്ത് ഒരു ദാതാവിനെ ലഭിക്കുമോ എന്ന കാര്യത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും തന്നെ ആശങ്കയിലായിരുന്നു. എന്നാൽ റൂബിയുടെ അനുജത്തി മേബലിന്റെ മൂലകോശം പരിശോധനയിൽ അനുയോജ്യമാകുകയായിരുന്നു. തുടർന്ന് രണ്ടു വയസു മാത്രം പ്രായമുണ്ടായിരുന്ന റൂബിയുടെ സഹോദരി മേബൽ തന്റെ ചേച്ചിക്ക് മജ്ജ മാറ്റിവെക്കാൻ മൂലകോശം ദാനം ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടു വർഷങ്ങൾക്കു ശേഷം രക്താർബുദത്തിൽ നിന്നും റൂബി പൂർണമായും മുക്തയായെന്നു ഡോക്ടർമാർ വ്യക്തമാക്കുകയുണ്ടായി. പേരെന്റ്സ് അസോസിയേഷൻ ഫോർ ചിൽഡ്രൻ വിത് ട്യൂമർസ് ആൻഡ് ലുക്കീമിയ എന്ന സംഘടനയുടെ ചടങ്ങിൽ വെച്ചാണ് ഇംഗ്ലണ്ടിലെ ലിങ്കണിൽ നിന്നുമുള്ള അമാൻഡയും കുടുംബവും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്.