സംസ്ഥാനത്ത് ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രതവേണമെന്നും മൃഗസംരക്ഷണവകുപ്പ്. ആലപ്പുഴ ചെറുതന, എടത്വാ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മറ്റു ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്യാത്തതിനാൽ ഭയപ്പെടേണ്ടതില്ല. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ അവയുടെ വിസർജ്യമോ കൈകാര്യം ചെയ്യേണ്ടി വന്നാൽ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. കോഴി മാംസം കൈകാര്യം ചെയ്യുന്നതിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. നന്നായി പാചകം ചെയ്തു മാത്രം മാംസവും, മുട്ടയും ഉപയോഗിക്കുക. ബുൾസ് ഐ പോലുള്ളവ ഒഴിവാക്കണം. അസാധാരണമാംവിധം പക്ഷികളുടെയോ,ദേശാടനപ്പക്ഷികളുടെയോ മരണം ശ്രദ്ധയിൽപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പിൽ അറിയിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.