നല്ല ഉറക്കം ലഭിക്കാൻ ആഴ്ചയിൽ എത്ര മണിക്കൂർ വ്യായാമം ആവശ്യമാണ്?

നല്ല ഉറക്കം ലഭിക്കാൻ ആഴ്ചയിൽ എത്ര മണിക്കൂർ വ്യായാമം ആവശ്യമാണ്? പഠനം നടത്തി ഗവേഷകർ. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ഒരു മണിക്കൂറോ അതിലധികമോ വ്യായാമം ചെയ്യുന്നത്‌ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന്‌ ഐസ്‌ ലാൻഡിലെ റെയ്‌ക്‌ജാവിക്‌ സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഒൻപത്‌ യൂറോപ്യൻ രാജ്യങ്ങളിലെ 21 വ്യത്യസ്‌ത കേന്ദ്രങ്ങളിൽ നിന്നുള്ള 4399 പേരിലാണ്‌ പഠനം നടത്തിയത്‌. 10 വർഷം നീണ്ട പഠനത്തിൽ ഇവരുടെ രാത്രിയിലെ ഉറക്കസമയം, ശാരീരിക വ്യായാമത്തിന്റെ ദൈർഘ്യം, ഉറക്കമില്ലായ്‌മയുടെ ലക്ഷണങ്ങൾ, പകലുറക്കം എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 25 ശതമാനം പേർ സജീവമായ ജീവിതശൈലി പിന്തുടരുന്നവരായിരുന്നു. ആഴ്‌ചയിൽ കുറഞ്ഞത്‌ രണ്ടോ മൂന്നോ ദിവസം ഒരു മണിക്കൂറോ അതിലധികമോ വ്യായാമം ചെയ്യുന്നവരെയാണ്‌ സജീവ ജീവിതശൈലിയുള്ളവരായി കണക്കാക്കിയത്‌. സ്ഥിരമായി വ്യായാമം ചെയ്‌തവർക്ക്‌ രാത്രിയിൽ ഉറക്കമില്ലായ്‌മ തോന്നാനുള്ള സാധ്യത 42 ശതമാനം കുറവാണെന്ന്‌ ഗവേഷകർ നിരീക്ഷിച്ചു. ഇവർക്ക്‌ ഇൻസോംനിയ ലക്ഷണങ്ങൾ വരാനുള്ള സാധ്യതയും 22 ശതമാനം കുറവായിരുന്നു. സജീവജീവിതശൈലി നയിച്ചവർ രാത്രിയിൽ ആറ്‌ മണിക്കൂർ മുതൽ ഒൻപത്‌ മണിക്കൂർ വരെ സുഖമായി ഉറങ്ങുന്നതായും ഗവേഷകർ കണ്ടെത്തി. ബിഎംജെ ഓപ്പൺ ജേണലിലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.