ജയ്പുരിൽ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; ഗർഭിണി ആശുപത്രി കവാടത്തിൽ പ്രസവിച്ചെന്നു റിപ്പോർട്ട്

A pregnant woman is sitting in a park and relaxing.

ജയ്പുരിൽ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഗർഭിണി ആശുപത്രി കവാടത്തിൽ പ്രസവിച്ചെന്നു റിപ്പോർട്ട്. ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ രാജസ്ഥാൻ സർക്കാർ നടപടിയെടുത്തു. വിവേകശൂന്യമായി പെരുമാറിയെന്നും ഗുരുതരമായ അശ്രദ്ധ വരുത്തിയെന്നും ചൂണ്ടിക്കാണിച്ച് മൂന്നു ഡോക്ടർമാരെ പിരിച്ചുവിട്ടു. പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഗർഭിണിയെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. തുടർന്നു യുവതി ആംബുലൻസ് സൗകര്യം ആവശ്യപ്പെട്ടെങ്കിലും അതും നിഷേധിക്കപ്പെട്ടു. ഇവരെ സഹായിക്കാൻ ആശുപത്രി ജീവനക്കാർപോലും തയാറായില്ലെന്നാണു വിവരം. തുടർന്ന് ഗേറ്റുവരെ നടന്നെത്തുമ്പോഴേക്കും പ്രസവവേദന മൂർച്ഛിച്ച ഇവർ ഗേറ്റിൽ പെൺകുഞ്ഞിനു ജന്മം നൽകുകയായിരുന്നു. ഇവരെ പിന്നീട് ഇതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ വകുപ്പ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതായി അഡിഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിങ് വ്യക്തമാക്കി.