മാനസികാരോഗ്യത്തിൽ ലോകത്ത് ഏറ്റവും പിന്നിൽ യു.കെ എന്ന് പഠന റിപ്പോർട്ട്. സാപിയൻ ലാബ്സ് എന്ന ഗവേഷണ സംഘം 71 രാജ്യങ്ങളിലായി നടത്തിയ മെൻറൽ സ്റ്റേറ്റ് ഓഫ് ദി വേൾഡ് സർവെയിലാണ് ഈ കാര്യം പറയുന്നത്. മെച്ചപ്പെട്ട മാനസിക ആരോഗ്യമുള്ള 71 രാജ്യങ്ങളുടെ പട്ടികയിൽ 70-ാം സ്ഥാനമാണ് യു.കെയ്ക്ക്. അഞ്ച് ലക്ഷത്തോളം ആളുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. കോവിഡിൻറെ പ്രത്യാഘാതങ്ങളും ഉയർന്ന ജീവിത ചിലവുമാണ് യു.കെ ജീവിതം ദുസ്സഹമാക്കുന്നതെന്ന് പഠനം പറയുന്നു. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ അമിതമായ ഉപയോഗവും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. 65 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ മാനസികാരോഗ്യം താരതമ്യേന സ്ഥിരതയുള്ളതാണെന്നും യുവജനങ്ങളുടെ ആരോഗ്യത്തിലാണ് ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നതെന്നും, അവർക്ക് നിലവിലെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ മാനസികാരോഗ്യം താരതമ്യേന മെച്ചപ്പെട്ടതാണെന്ന് ഗവേഷകർ പറയുന്നു. മാനസികാരോഗ്യത്തിൻറെ കാര്യത്തിൽ യു.കെ ഉൾപ്പടെയുള്ള വികസിത രാജ്യങ്ങൾ പുറകോട്ട് പോയപ്പോൾ ,ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും ദരിദ്ര രാജ്യങ്ങൾ മെച്ചപ്പെട്ട സ്ഥാനം നിലനിർത്തിയതായും പഠനം ചൂണ്ടിക്കാട്ടുന്നു.