തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 18 കോടി ചെലവിൽ നിർമിച്ച ലേഡീസ് ഹോസ്റ്റൽ പ്രവർത്തനസജ്ജമായി. 6 നിലകളുള്ള കെട്ടിടത്തിൽ 404 വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 101 മുറികളാണ് ഹോസ്റ്റലിൽ ഉള്ളത്. കിച്ചൺ, മെസ് ഹാൾ, സ്റ്റോർ റൂം, സിക്ക് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 ടോയിലറ്റ് ബ്ലോക്കുകളാണ് കെട്ടിടത്തിലുള്ളത്. എല്ലാ നിലകളിലും റീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും നിർമിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാർത്ഥികളുടെ ദീർഘകാല ആവശ്യമാണ് ലേഡീസ് ഹോസ്റ്റലിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർത്ഥികൾക്ക് മതിയായ താമസ സൗകര്യവും സജ്ജമാക്കി വരികയാണ്. ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മാർച്ച് 11 തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും.