യൂറോപ്പിൽ ലൈംഗികരോഗങ്ങൾ വ്യാപിക്കുന്നുവെന്ന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയന്റെ ഹെൽത്ത് ഏജൻസി. ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ മഞ്ഞുമലയുടെ അറ്റംമാത്രമാണെന്നും ഏജൻസി കൂട്ടിച്ചേർത്തു. 2022-ൽ ഗൊണേറിയ എന്ന രോഗം ബാധിച്ചവരുടെ നിരക്ക് 48 ശതമാനമായാണ് ഉയർന്നത്. സിഫിലിസ് രോഗികളുടെ നിരക്ക് 35 ശതമാനമായും ക്ലമീഡിയ രോഗികൾ പതിനാറുശതമാനമായും വർധിച്ചുവെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ കണക്കുകൾ വ്യക്തമാക്കുന്നു. ലൈംഗികരോഗികളുടെ എണ്ണത്തിലുള്ള ഈ കുതിച്ചുചാട്ടം ഞെട്ടിക്കുന്നതാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ ഡയറക്ടർ ആൻഡ്രിയ അമൺ വ്യക്തമാക്കി. വിവിധരാജ്യങ്ങളിലെ ടെസ്റ്റിങ് രീതികളിലുള്ള സങ്കീർണതകളും ലൈംഗിക ആരോഗ്യത്തിന്മേലുള്ള കരുതൽകുറവുമാണ് യഥാർഥനിരക്ക് പുറത്തുവരാതിരിക്കുന്നതിന് പിന്നിലെന്നാണ് കരുതുന്നതെന്നും അവർ വ്യക്തമാക്കി. ക്ലമീഡിയ, ഗൊണേറിയ, സിഫിലിസ് തുടങ്ങിയ രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നും എന്നാൽ അവ ചികിത്സിക്കാത്തപക്ഷം ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അവർ വ്യക്തമാക്കി. ടെസ്റ്റിങ്ങുകൾ, ചികിത്സ, പ്രതിരോധം എന്നീ മൂന്നുകാര്യങ്ങളാണ് രോഗപ്രതിരോധത്തിന് തടയിടുന്ന കാര്യങ്ങളെന്നും ആൻഡ്രിയ വ്യക്തമാക്കി. ഗർഭകാലത്ത് അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്ക് പകരുന്ന ലിംഫോഗ്രാന്യുലോമ വെനെറിയം, കോൺജെനിറ്റൽ സിഫിലിസ് എന്നീ രോഗികളുടെ നിരക്കും വർധിക്കുന്നുണ്ടെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ മുന്നറിയിപ്പ് നൽകിട്ടുണ്ട്.