ഇന്ത്യയിലെ പ്രമേഹരോഗികളിൽ 24 ലക്ഷം പേർക്ക് അന്ധതയെന്ന് സർവ്വേ റിപ്പോർട്ട്

ഇന്ത്യയിലെ പ്രമേഹരോഗികളിൽ 24 ലക്ഷം പേർക്ക് അന്ധതയെന്ന് സർവ്വേ റിപ്പോർട്ട്. മദ്രാസ് ഡയബറ്റീസ് റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെയും യുകെയിലെയും ഡോക്ടർമാരുടെ സംഘമാണ് സർവേ നടത്തിയത്. ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ ആണ് സർവ്വേ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ 101 ദശലക്ഷം പ്രമേഹ രോഗികളിൽ 21 ദശലക്ഷം പേരുടെയെങ്കിലും കാഴ്ചയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാമെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറഞ്ഞ സാമൂഹിക, സാമ്പത്തിക നിലവാരത്തിലുള്ള ജനങ്ങളുടെ ഇടയിലാണ് കാഴ്ചപ്രശ്‌നങ്ങളുടെയും അന്ധതയുടെയും തോത് അധികമായി കണ്ടെത്തിയത്. 40 വയസ്സിന് മുകളിൽ പ്രായമുള്ള ഇന്ത്യയിലെ 42000 ത്തിൽ അധികം പേരെ സർവേയിൽ പങ്കെടുപ്പിച്ചു. പ്രമേഹമുള്ളവരിൽ 52.4 ശതമാനത്തിന് ഗ്ലാസുകൾ ആവശ്യമായി വരുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. 18.7 ശതമാനത്തിന് കാഴ്ച തകരാറുള്ളതായും 2.4 ശതമാനം പേർ അന്ധരാണെന്നും ഗവേഷകർ കണ്ടെത്തി. 40 വയസ്സിന് മുകളിലുള്ളവരുടെ ഡേറ്റ മാത്രമാണ് സർവേയിൽ ഉൾപ്പെടുത്തിയത് അതിനാൽ കണക്കുകൾ ഇതിലും അധികമായിരിക്കാമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. പ്രമേഹ രോഗികൾ ഇടയ്ക്കിടെ നേത്ര പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം പഠനം ചൂണ്ടിക്കാട്ടുന്നു.