ചുട്ടുപൊളളുന്ന കാലാവസ്ഥ ഗർഭിണികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

ചുട്ടുപൊളളുന്ന കാലാവസ്ഥ ഗർഭിണികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹയർ എജ്യുക്കേഷൻ ആൻഡ്‌ റിസർച്ചിലെ ഗവേഷകർ ആണ് പഠനത്തിന് പിന്നിൽ. അമിതമായ ചൂടത്ത്‌ ജോലി ചെയ്യാനിടയാക്കുന്ന സാഹചര്യം ഗർഭം അലസാനും ചാപിള്ളയുണ്ടാകാനുമുള്ള സാധ്യത വർധിപ്പിക്കുന്നതായി ഗവേഷകർ പഠനത്തിൽ കണ്ടെത്തി. കൃഷിയിടങ്ങൾ, ഇഷ്ടിക ചൂളകൾ, ഉപ്പ്‌ കുറുക്കുന്ന പാടങ്ങൾ, കെട്ടിട നിർമ്മാണ സ്ഥലങ്ങൾ എന്നിങ്ങനെ ഉള്ള മേഖലയിൽ ജോലി ചെയ്യുന്ന തമിഴ്‌നാട്ടിലെ ആറ്‌ ജില്ലകളിലെ ഗർഭിണികളിലാണ്‌ ഗവേഷകർ പഠനം നടത്തിയത്‌. എട്ട്‌ മുതൽ 14 ആഴ്‌ച വരെ ഗർഭിണികളായ 800 പേർ പഠനത്തിൽ പങ്കെടുത്തു. രാവിലെ ആറ്‌ മുതൽ വൈകുന്നേരം അഞ്ച്‌ വരെ വെയിലിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ജോലി ചെയ്യുന്നവരാണ്‌ ഇവരിൽ ഭൂരിഭാഗവും. ഇവരുടെ ഗർഭ സംബന്ധമായ വിവരങ്ങളും, ഇടയ്‌ക്കിടെ ഇടവേളയും വിശ്രമവും തണലും വെള്ളവും കിട്ടുന്ന ഔദ്യോഗിക മേഖലയിൽ ജോലി ചെയ്യുന്ന ഗർഭിണികളുടെ വിവരങ്ങളും ഗവേഷകർ താരതമ്യം ചെയ്‌തു. ചൂടത്ത്‌ ജോലി ചെയ്യുന്ന ഗർഭിണികളിൽ അഞ്ച്‌ ശതമാനത്തിന്റെ ഗർഭം അലസുകയും 6.1 ശതമാനം പേർക്ക്‌ പ്രസവത്തിൽ ചാപിള്ളകളുണ്ടാകുകയും ചെയ്‌തു. 8.4 ശതമാനം പേരുടെ കുഞ്ഞുങ്ങൾക്ക്‌ പ്രസവ സമയത്ത്‌ ഭാരവും കുറവായിരുന്നു. അതേസമയം അധികം ചൂട്‌ കൊള്ളാത്ത ജോലി ചെയ്യുന്ന ഗർഭിണികളിൽ രണ്ട്‌ ശതമാനത്തിന്‌ മാത്രമാണ്‌ ഗർഭം അലസിയത്‌. ഇവരിൽ ചാപിള്ളയുണ്ടായത്‌ 2.6 ശതമാനത്തിനും, കുറഞ്ഞ ഭാരമുള്ള കുട്ടികളുണ്ടായത്‌ 4.5 ശതമാനം പേരിലുമാണ്. അമിതമായ ചൂട്‌ കുഞ്ഞുങ്ങളുടെ അവയവങ്ങളുടെ വളർച്ചയെയും, ജന്മനാലുള്ള തകരാറുകൾ കുഞ്ഞുങ്ങൾക്ക്‌ ഉണ്ടാകാനും സാധ്യത കൂട്ടുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.