കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർത്തവകാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്‌ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ സാമൂഹ്യ മണ്ഡലത്തിൽ സ്ത്രീസുരക്ഷയും ലിംഗപദവി തുല്യതയും ഉറപ്പു വരുത്തുന്നതിന് കുടുംബശ്രീ പ്രവർത്തനങ്ങൾ വഴി സാധിച്ചിട്ടുണ്ടെന്നും എക്‌സൈസ് വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ നഗരമേഖലയിൽ വിവിധ സേവനങ്ങൾക്കായി കുടുംബശ്രീയുടെ പ്രൊഫഷണൽ ടീം ‘ക്വിക് സർവ്’ പദ്ധതിയുടെ ഉദ്ഘാടനവും ‘രചന’ സമാപനം, അയൽക്കൂട്ട, എ.ഡി.എസ്,സി.ഡി.എസ് തലങ്ങളിൽ പ്രവർത്തനം തുടങ്ങുന്ന ജെൻഡർ പോയിൻറ് പേഴ്‌സൺ പ്രഖ്യാപനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.