സ്വകാര്യ ആശുപത്രികളിൽ നാല് ലക്ഷത്തോളം ചെലവ് വരുന്ന ടിപ്സ് ചികിത്സ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യം. ലിവർ സിറോസിസ് മൂർഛിച്ചുണ്ടാകുന്ന വയറ്റിലെ അനിയന്ത്രിതമായ വെള്ളക്കെട്ട്, രക്തം ഛർദ്ദിക്കൽ എന്നീ അസുഖങ്ങൾക്കുള്ള അതിനൂതന ചികിത്സാരീതിയാണ് ‘ടിപ്സ്’. കോട്ടയം മെഡിക്കൽ കോളേജിൽ രണ്ടുപേർക്ക് ചികിത്സ വിജയകരമായി നടത്തി. ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്റേണൽ മെഡിസിൻ, മെഡിക്കൽ ഗ്യാസ്ട്രോ, സർജിക്കൽ ഗ്യാസ്ട്രോ എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ചികിത്സ നടത്തിയത്. തമിഴ്നാട് വെല്ലൂർ സി.എം.സി. ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗമാണ് കോട്ടയം മെഡിക്കൽ കോളേജിലെ ടീമിനു പരിശീലനം നൽകിയത്. ചികിത്സ വിജയിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജ് കരൾ ചികിത്സയിൽ ലോകോത്തര നിലവാരത്തിലുള്ള മറ്റൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ചതായി ആരോഗ്യവകുപ്പ് വ്യതമാക്കി.