രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് നിരവധി വികസനങ്ങളാണ് വാഗ്‌ദാനം ചെയ്തുരിക്കുന്നത്. ധനമന്ത്രി നിർമലാ സീതാരാമൻ രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചത്. നിലവിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകളാക്കി മാറ്റാൻ പദ്ധതിയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കും. സ്ത്രീകൾക്കിടയിൽ വർധിച്ചുവരുന്ന സെർവിക്കൽ കാൻസർ പ്രതിരോധത്തിനായി വാക്സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തും. ഒമ്പതു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കിടയിലാണ് വാക്സിനേഷൻ ലഭ്യമാക്കുക. കൂടാതെ മാതൃശിശുപരിചരണം സംബന്ധിച്ചുള്ള വിവിധപദ്ധതികൾ ഒരുകുടക്കീഴിൽ സംയോജിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സക്ഷമ അംഗൻവാടി-പോഷൻ 2.0 പദ്ധതിക്കുകീഴിൽ, പോഷകാഹാരവിതരണവും ശിശുപരിചരണവും വികസനവും ഉറപ്പുവരുത്താൻ അംഗൻവാടികൾ നവീകരിക്കും. കുട്ടികൾക്കിടയിലെ പ്രതിരോധകുത്തിവെപ്പ് ശക്തിപ്പെടുത്താൻ ആരംഭിച്ച മിഷൻ ഇന്ദ്രധനുഷ് പദ്ധതിയുടെ നടത്തിപ്പിനായി രൂപകൽപന ചെയ്ത യു-വിൻ പ്ലാറ്റ്ഫോം രാജ്യത്തുടനീളം വ്യാപിപ്പിക്കും. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആശാ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ഉൾപ്പെടുത്തി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു