വിഷാദരോഗലക്ഷണങ്ങളും ഈറ്റിങ് ഡിസോർഡറും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പഠന റിപ്പോർട്ട്. റിയാദിലെ ഇമാം മൊഹമ്മദ് ഇബ്ൻ സൗദ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഈറ്റിങ് ഡിസോർഡറിലൂടെ കടന്നുപോകുന്നവരിൽ ശരീരത്തേക്കുറിച്ചുള്ള അപകർഷതാബോധങ്ങളും അമിത ഉത്കണ്ഠയും വിഷാദരോഗവും ആത്മവിശ്വാസകുറവും ഉള്ളതായി പഠനത്തിൽ കണ്ടെത്തി. പഠനത്തിൽ പങ്കെടുത്തവരിലെ വിഷാദരോഗലക്ഷണങ്ങളും ഭക്ഷണരീതിയും പരിശോധിച്ചാണ് പഠനം നടത്തിയത്. കഴിക്കുന്ന ഭക്ഷണങ്ങളിലും അളവിലും നിയന്ത്രണം വരുത്താൻ കഴിയാറുണ്ടോ?, ഹ്രസ്വമായ ഇടവേളകളിൽ അളവിൽ കൂടുതൽ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ?, വണ്ണംകുറയ്ക്കാനായി ഭക്ഷണം അമിതമായി നിയന്ത്രിക്കുകയോ, പരിധിവിട്ട് വ്യായാമം ചെയ്യുകയോ ചെയ്യാറുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ മുൻനിർത്തിയാണ് ഗവേഷകർ നിരീക്ഷണം നടത്തിയത്. ക്യൂറിയസ് ജേർണൽ ഓഫ് മെഡിക്കൽ സയൻസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.