26കാരൻറെ കുടലിൽ നിന്ന് 39 നാണയങ്ങളും 37 കാന്തങ്ങളും പുറത്തെടുത്ത് ഡോക്ടർമാർ

26കാരൻറെ കുടലിൽ നിന്ന് 39 നാണയങ്ങളും 37 കാന്തങ്ങളും പുറത്തെടുത്ത് ഡോക്ടർമാർ. ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സംഭവം. ബോഡി ബിൽഡിംഗിന് സിങ്ക് സഹായിക്കുമെന്ന ധാരണയിലാണ് മാനസികാസ്വാസ്ഥ്യമുള്ള യുവാവ് നാണയങ്ങളും കാന്തങ്ങളും വിഴുങ്ങിയതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 20 ദിവസത്തിലേറെയായി തുടർച്ചയായി ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് 26 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിക്ക് ഒന്നും കഴിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. ഔട്ട് പേഷ്യൻറ് വിഭാഗത്തിലെ സീനിയർ കൺസൾട്ടൻറായ ഡോ. തരുൺ മിത്തലാണ് രോഗിയെ ആദ്യം പരിശോധിച്ചത്. എക്സ്റേ പരിശോധനയിലൂടെ നാണയങ്ങളുടെയും കാന്തങ്ങളുടെയും സാന്നിധ്യം കണ്ടെത്തുകയും സിടി സ്കാനിൽ ഇവ കുടലിൽ തടഞ്ഞുനിൽക്കുന്നതായും കണ്ടെത്തി. ഉടൻ തന്നെ രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയിലൂടെ നാണയങ്ങളും കാന്തങ്ങളും പുറത്തെടുത്തു. ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപയുടെ നാണയങ്ങളാണ് കണ്ടെത്തിയത്. ആകെ 39 എണ്ണമുണ്ടായിരുന്നു. ഗോളം, നക്ഷത്രം, ത്രികോണം എന്നിങ്ങനെ വ്യത്യസ്ത ആകൃതികളിലുള്ള 37 കാന്തങ്ങളും കുടലിൽ നിന്ന് ഡോക്ടർമാർ പുറത്ത് എടുത്തു. ഏഴ് ദിവസത്തിനു ശേഷം ആരോഗ്യനില ഭേദമായതോടെ യുവാവിനെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.