ആർദ്രം ജീവിതശൈലീ രണ്ടാം ഘട്ട സ്‌ക്രീനിംഗ് ആരംഭിച്ചു

ആർദ്രം ജീവിതശൈലീ രണ്ടാം ഘട്ട സ്‌ക്രീനിംഗ് ആരംഭിച്ചു. രണ്ടാംഘട്ടത്തിന്റെ ലോഞ്ചിംഗ് ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. 30 വയസിന് മുകളിൽ പ്രായമുള്ള ആളുകളുടെ വാർഷിക ആരോഗ്യ സ്‌ക്രീനിംഗ് ആണ് നടത്തുന്നത്. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇ ഹെൽത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ, ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. വീടുകളിലെത്തി സ്‌ക്രീനിംഗിലൂടെ രോഗസാധ്യത കണ്ടെത്തിയ വ്യക്തികൾക്ക് പരിശോധനയും രോഗനിർണവും നടത്തി തുടർചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വ്യകത്മാക്കി. രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേൾവി കുറവ്, മാനസികാരോഗ്യ പ്രശ്‌നങ്ങൾ, വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയുടെ സ്‌ക്രീനിംഗും നടത്തുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ എല്ലാവരേയും ഉൾക്കൊള്ളിച്ച് കൊണ്ട് രണ്ടാം ഘട്ടത്തിൽ 100 ശതമാനവും പൂർത്തിയാക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.