കൊച്ചിയിൽ 55 കാരന്റെ ശ്വാസകോശത്തിൽ നിന്നും പാറ്റയെ പുറത്തെടുത്തു

കൊച്ചിയിൽ കടുത്ത ശ്വാസതടസവുമായി ആശുപത്രിയിലെത്തിയ 55 കാരന്റെ ശ്വാസകോശത്തിൽ നിന്നും പാറ്റയെ പുറത്തെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വ്യക്തിയുടെ ശ്വാസകോശത്തിൽ നിന്നാണ് പാറ്റയെ കണ്ടെത്തിയത്. നാല് സെന്റിമീറ്ററോളം നീളമുള്ള പാറ്റയെയാണ് പുറത്തെടുത്തത്. ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയത്.

ശ്വസന സംബന്ധിയായ തകരാറുള്ള രോഗിക്ക് ഓക്‌സിജൻ നൽകുന്നതിനായി കഴുത്ത് തുളച്ച ഇട്ടിരുന്ന ട്യൂബിലൂടെയാവും പാറ്റ ശ്വാസകോശത്തിലെത്തിയതെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. ശ്വാസനാളിയിൽ എന്തോ കയറിപ്പോയെന്ന് 55 കാരന് തോന്നിയിരുന്നു. തുടർന്ന് ഇദ്ദേഹത്തിന് ശ്വാസതടസം നേരിട്ടു. എക്‌സ് റേ എടുത്ത് നോക്കിയെങ്കിലും അസ്വഭാവികമായൊന്നും കാണാൻ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ഇഎൻടി വിഭാഗം ബ്രോങ്കോസ്പി നടത്തിയതും ശ്വാസകോശത്തിൽ പാറ്റയെ കണ്ടെത്തിയതും. ശ്വാസതടസം അനുഭവപ്പെട്ട് ഏകദേശം എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ശ്വാസകോശത്തിൽ നിന്ന് പാറ്റയെ പുറത്തെടുത്തത്. ഈ സമയത്തിനുള്ളിൽ പാറ്റ പൊടിയാൻ തുടങ്ങുന്ന അവസ്ഥയിലായിരുന്നു. നിലവിൽ 55 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.