കോവിഡിനേക്കാള്‍ 20 ഇരട്ടി മാരകമായ പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗബ്രിയെസൂസ് അദാനോം. എങ്ങനെ ചികിത്സിക്കുമെന്നറിയാത്ത, ലോകമാകെ പടരുന്ന പുതിയൊരു വൈറസ്/ബാക്ടീരിയ/ഫംഗസ് രോഗമായ ‘ഡിസീസ് എക്സ്’ എന്നു പേരിട്ട രോഗം കൈകാര്യംചെയ്യാന്‍ കരാറിലെത്തണമെന്ന് ലോകരാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
എന്ന്, എവിടെ പൊട്ടിമുളക്കുമെന്നോ എന്തൊക്കെയാകും ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും എന്നോ ഈ രോഗത്തെക്കുറിച്ച് ധാരണയില്ല. പകര്‍ച്ചവ്യാധി ഫണ്ട് തുടങ്ങിയും തദ്ദേശീയമായി വാക്സിന് ഉല്പാദിപ്പിക്കാന് പിന്തുണ നല്കുന്ന ടെക്നോളജി ട്രാന്‍സ്ഫര്‍ ഹബ് ദക്ഷിണാഫ്രിക്കയില്‍ സ്ഥാപിച്ചും ലോകാരോഗ്യ സംഘടന മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. 2018 ല്‍ ഡിസീസ് എക്സിനെക്കുറിച്ച് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിന്നാലെ കഴിഞ്ഞ ജൂണില്‍ ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധരും ഡിസീസ് എക്സ് സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തി. ലണ്ടനിലെ മലിനജലത്തില്‍ നിന്നു ശേഖരിച്ച സാമ്പിളില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തുകയും, മങ്കിപോക്സ്, ലാസ ഫീവര്‍, പക്ഷിപ്പനി തുടങ്ങിയവ അടുത്ത കാലങ്ങളിലായി കൂടുതല്‍ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.