ശ്രവണ വൈകല്യം അനുഭവിക്കുന്ന കുട്ടികൾക്കായുള്ള ശ്രുതി തരംഗം പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തിയാതായി ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. 68 കുട്ടികൾക്ക് ശ്രുതിതരംഗം മെയിന്റനൻസ് സ്കീമിൽ ഉൾപ്പെടുത്തിയാണ് പാർട്സുകൾ മാറ്റിയത്.
32 കുട്ടികൾക്ക് മെഡൽ കമ്പനിയുടെ പാർട്സുകളും 36 കുട്ടികൾക്ക് കോക്ലിയർ കമ്പനിയുടെ പാർട്സുകളുമാണ് മാറ്റി നൽകിയത്. ഉപകരണങ്ങളുടെ അപ്ഗ്രഡേഷൻ ഈ ആഴ്ച ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട ആകെ 457 കുട്ടികളിൽ 216 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തി. 109 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് ഉടൻ പൂർത്തിയാക്കും. ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടെ മെയിന്റനൻസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. എത്രയും വേഗം ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടേയും പ്രോസസർ അപ്ഗ്രഡേഷൻ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.