ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോർട്ടിലാണ് കേരളത്തെ അഭിനന്ദിച്ചത്. ആയുഷ് സേവനങ്ങൾക്കായുള്ള ഒ.പി. വിഭാഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സേവനം നൽകുന്നത് കേരളത്തിലാണെന്ന് നീതി ആയോഗ് വിലയിരുത്തി. സംസ്ഥാനത്ത് ആയുഷ് മേഖലയിൽ കൈവരിച്ച സുപ്രധാന പുരോഗതിയിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളത്തിൽ മുഴുവൻ സമയ യോഗ പരിശീലകരുടെ ലഭ്യത ഉറപ്പാക്കിയതിനെ റിപ്പോർട്ടിൽ എടുത്തു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യോഗയ്ക്കായി പരിശീലകരുടെ എണ്ണം വർധിപ്പിക്കുക മാത്രമല്ല ഗുണഭോക്താക്കളുടെ എണ്ണവും യോഗ സെഷനുകളും വർധിപ്പിച്ചിട്ടുണ്ട്. ആയുഷ് വെൽനെസ് സെന്ററുകളിലെ ശുചിത്വമുള്ള ശുചിമുറികളും മികച്ച നിലവാരം പുലർത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആയുഷ് രംഗത്ത് കേരളം നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് നീതി ആയോഗിന്റെ അഭിനന്ദനമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.