കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ദേശീയ കുഷ്ഠരോഗ നിവാരണ ദിനമായ ജനുവരി 30 മുതൽ സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ വ്യാപകമായി ബോധവത്കരണ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. വാർഡ് അടിസ്ഥാനത്തിൽ ബോധവത്ക്കരണ ക്ലാസുകൾ, റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചുള്ള അവബോധ പ്രവർത്തനങ്ങൾ, പോസ്റ്റർ പ്രദർശനം, ഓഡിയോ സന്ദേശങ്ങൾ, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. രോഗ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയാൽ കുഷ്ഠ രോഗം ഭേദമാക്കുവാനും, അംഗവൈകല്യം തടയുവാനുമാകും. സർക്കാർ ആശുപത്രികളിൽ കുഷ്ട രോഗത്തിന് സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.