സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം; ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കൽ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് എമർജൻസി മെഡിസിൻ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ഇതിനായി ഈ മെഡിക്കൽ കോളേജുകളിൽ ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, 2 സീനിയർ റസിഡന്റ് തസ്തികകൾ വീതം സൃഷ്ടിച്ചിട്ടുണ്ട്. ഇതുകൂടാതെ തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ രണ്ട് വീതം സീനിയർ റസിഡന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സമയബന്ധിതമായി എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് ഒരു കുടക്കീഴിൽ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ ശാസ്ത്ര ശാഖയാണ് എമർജൻസി മെഡിസിൻ.