വണ്ണം കുറയുന്നവരില്‍ കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം. ജാമാ നെറ്റ്വര്‍ക്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോസ്റ്റണില്‍ നിന്നുള്ള ഡാനാ ഫാര്‍ബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ആരോഗ്യ പ്രവര്‍ത്തകരെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. നഴ്‌സസ് ഹെല്‍സ്സ് സ്റ്റഡി, ഹെല്‍ത്ത് പ്രൊഫഷണല്‍സ് ഫോളോ അപ് സ്റ്റഡി എന്നീ പഠനങ്ങളില്‍ നിന്ന് ഡേറ്റ ശേഖരിച്ചാണ് ഗവേഷണം നടത്തിയത്. ഏകദേശം അറുപത്തിരണ്ടു വയസ്സുവരെ പ്രായമുള്ള ഒരു ലക്ഷത്തി അന്‍പത്തേഴായിരം പേരുടെ വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. ദഹനനാളിയെ ബാധിക്കുന്ന കാന്‍സറാണ് ഇതില്‍ പ്രധാനമെന്നും ഗവേഷകര്‍ പറയുന്നു. ഹീമറ്റോളജിക്, കോളറെക്റ്റല്‍, കുടല്‍ കാന്‍സര്‍ തുടങ്ങിയവയും പെട്ടെന്ന് വണ്ണം കുറയുന്നവരില്‍ കണ്ടുവരുന്നുണ്ട്. ശരീരഭാരം കുറഞ്ഞതിനുശേഷമുള്ള ആദ്യ പന്ത്രണ്ടു മാസത്തിലാണ് അര്‍ബുദസാധ്യത കൂടുതല്‍. അതേസമയം സ്തനം, മൂത്രാശയം, മസ്തിഷ്‌കം തുടങ്ങിയവയെ ബാധിക്കുന്ന അര്‍ബുദങ്ങളും മെലനോമയുമൊന്നും വണ്ണംകുറയുന്നതുമായി കാര്യമായി ബന്ധപ്പെട്ടിരിക്കുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.