കോവിഡ് വകഭേദമായ ജെ.എന്‍1 കേരളത്തില്‍, ജാഗ്രതയും തയാറെടുപ്പും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡ് വകഭേദമായ ജെ.എന്‍1 കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയും തയാറെടുപ്പും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് നിര്‍ദേശിച്ചു. വിദേശത്തുനിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച 79കാരിയായ തിരുവനന്തപുരം സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18നു കോവിഡ് സ്ഥിരീകരിച്ച സാമ്പിളില്‍ നടത്തിയ ജനിതകപരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. അതേസമയം, പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവയും കാര്യമായ ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നതുമാണെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ആകെയുള്ള കോവിഡ് ആക്ടിവ് കേസുകള്‍ 1701 ആണ്. ഇതില്‍ 1523 കേസുകളും കേരളത്തില്‍നിന്നാണ്.