കുഞ്ഞു ഫാത്തിമക്ക് ഇനി നിവര്‍ന്ന് നടക്കാമെന്നുള്ള സന്തോഷം ഫേസ്ബുക്കില്‍ കുറിച്ച് ആരോഗ്യ മന്ത്രി

നവകേരള സദസ് തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കുഞ്ഞു ഫാത്തിമക്ക് ഇനി നിവര്‍ന്ന് നടക്കാമെന്നുള്ള സന്തോഷം ഫേസ്ബുക്കില്‍ കുറിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഫാത്തിമക്ക് ജന്മനായുള്ള രോഗാവസ്ഥയായിരുന്നു എപിഫൈസിയല്‍ ഡിസ്പ്ലേസിയ. അതുമൂലം ഫാത്തിമയുടെ നട്ടെല്ലിന്റെ വളവ് ക്രമാതീതമായി ഉയരുന്ന സ്‌കോളിയോസിസ് എന്ന അസുഖം ബാധിച്ചിരുന്നു. അതിനാല്‍ തന്നെ ശ്വാസകോശ സംബന്ധമായതും നാഡീ സംബന്ധമായതുമായ വൈകല്യങ്ങള്‍ ഉണ്ടാവാനുമുള്ള സാധ്യതയുമുണ്ടായിരുന്നു. ഫാത്തിമയുടെ ചികിത്സക്കായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും പല കാരണങ്ങളാല്‍ ചികിത്സ സാധ്യമായില്ല. അങ്ങനെയാണ് നവകേരള സദസില്‍ പതിമൂന്നാം ദിവസം ഫാത്തിമയുടെ മാതാപിതാക്കള്‍ ഈ പ്രശ്നം ഉന്നയിക്കുന്നത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രീയയ്ക്ക് അവസരമൊരുക്കി. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞു ഫാത്തിമ സുഖം പ്രാപിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. ഡോ. ബി എസ് സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡോ. ജിതിന്‍, ഡോ. ജിയോ, ഡോ. കൃഷ്ണകുമാര്‍, ഡോ. അനന്തു എന്നീ ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാരും, അനസ്തേഷ്യ വിഭാഗത്തിലെ ഡോ ബാബുരാജിന്റെ നേതൃത്വത്തില്‍ ഡോ. ബിന്ദു, ഡോ. സുനില്‍ കുമാര്‍, ഡോ. സെലീന, ഡോ. അഞ്ജു എന്നിവരും, സ്റ്റാഫ് നേഴ്സുമാരായ സരിത, ദീപ്തി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. ഓപ്പറേഷന് മുമ്പും ശേഷവുമുള്ള കുഞ്ഞ് ഫാത്തിമയുടെ എക്സ്റേ ചിത്രവും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.