വേഗത്തിൽ നടക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കുമെന്ന് പഠനം. മണിക്കൂറിൽ നാലുകിലോമീറ്ററോ അതിനുമുകളിലോ വേഗതയിൽ നടക്കുന്നവരിൽ ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കുറവാണെന്ന് ഗവേഷണത്തിൽ കണ്ടെത്തി. ഇറാനിലെ സെമ്നാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
മണിക്കൂറിൽ മൂന്നുകി.മീ വേഗതയിൽ നടക്കുന്നവരിൽ ടൈപ്പ് 2 ഡയബറ്റിസ് സാധ്യത പതിനഞ്ചു ശതമാനമായും മണിക്കൂറിൽ 5-6 കി.മീ വേഗതയിൽ നടക്കുന്നവരിൽ 24 ശതമാനമായും മണിക്കൂറിൽ ആറു കി.മീ വേഗതയിൽ നടക്കുന്നവരിൽ 39 ശതമാനമായും കുറയുന്നതായി ഗവേഷകർ കണ്ടെത്തി. നടക്കുന്നതിന്റെ വേഗത വർധിപ്പിക്കുന്നതിന് അനുസരിച്ച് ടൈപ്പ് 2 ഡയബറ്റിസ് സാധ്യതയും കുറയുന്നുവെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. ആഗോളതലത്തിൽ നിലവിൽ ടൈപ്പ് 2 ഡയബറ്റിസ് ബാധിച്ചിരിക്കുന്നവരുടെ തോത് 537 ദശലക്ഷമാണെങ്കിൽ 2045 ആകുന്നതോടെ ഇത് 783 ദശലക്ഷം ആകുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ നടത്തം പോലുള്ള ചെറുവ്യായാമങ്ങൾക്ക് പോലും പ്രാധാന്യം നൽകണമെന്നാണ് വിദഗ്ധർ കരുതുന്നത്. ബ്രിട്ടീഷ് ജേർണൽ ഓഫ് സ്പോർട്സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.