കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കണ്ണൂര്‍ അയ്യന്‍കുന്ന് കുട്ടുകപ്പാറയിലെ രാജേഷിന്റെ മരണത്തിലാണ് അന്വേഷണത്തിന് നിര്‍ദേശം. മഞ്ഞപ്പിത്തം ബാധിച്ച രാജേഷ് വെളളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നും രക്തപരിശോധന ഫലമുള്‍പ്പെടെ വൈകിയെന്ന് ബന്ധുക്കള്‍ പറയുന്നു. ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ വെളളിയാഴ്ച രാത്രിയെത്തിച്ചെങ്കിലും ഡിസംബര്‍ 9 നു വൈകിട്ട് വരെ മതിയായ ചികിത്സ നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ഡിസംബര്‍ 10 ന് പുലര്‍ച്ചെയാണ് ഐസിയുവിലേക്ക് മാറ്റിയത്. എന്നാല്‍ ആറ് മണിയോടെ രാജേഷ് മരിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. അതേസമയം, ചികിത്സ വൈകിയെന്ന ബന്ധുക്കളുടെ ആരോപണം പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു.