കർണാടകയിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രതയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി. കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷൻ നിർബന്ധമാക്കിയതിന് പിന്നാലെയാണിത്. 400ഓളം കോവിഡ് രോഗികളാണ് ഹോം ഐസൊലേഷനിൽ കഴിയുന്നത്. ചിലർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികളെ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘം സന്ദർശിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.