പേശികളും എല്ലുകളുമായി ബന്ധപ്പെട്ട പരുക്കുകൾക്ക് പേശികളുടെ പ്രവർത്തനത്തെ പറ്റി നിർണ്ണായകമായ വിവരങ്ങൾ നൽകാൻ കഴിയുന്ന പോർട്ടബിൾ അൾട്രാസൗണ്ട്‌ സംവിധാനം

പേശികളും എല്ലുകളുമായി ബന്ധപ്പെട്ട പരുക്കുകൾക്ക് രോഗിയുടെ പുരോഗതി നിർണയിക്കാൻ നൽകുന്ന വ്യായാമങ്ങളുടെ സമയത്തുള്ള പേശികളുടെ പ്രവർത്തനത്തെ പറ്റി നിർണ്ണായകമായ വിവരങ്ങൾ നൽകാൻ കഴിയുന്ന പോർട്ടബിൾ അൾട്രാസൗണ്ട്‌ സംവിധാനം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. അമേരിക്കയിലെ ജോർജ്‌ മേസൻ സർവകലാശാലയിലെ ശാസ്‌ത്രജ്ഞർ ആണ് കണ്ടുപിടുത്തത്തിന് പിന്നിൽ. രോഗി ചലിക്കുമ്പോൾ തന്നെ പേശികളെ സംബന്ധിച്ച വിവരങ്ങൾ ഡോക്ടർമാർക്ക്‌ രേഖപ്പെടുത്താൻ കഴിയുന്ന ഉപകരണം രോഗിയുടെ ശരീരത്തിൽ തന്നെ ധരിക്കാവുന്നതാണ്. റിഹബിലിറ്റേഷൻ സമയത്ത്‌ ചെയ്യുന്ന വ്യായാമത്തിൽ ലക്ഷ്യം വയ്‌ക്കുന്ന പേശികൾ സജീവമാകുന്നുണ്ടോ എന്നെല്ലാം ഇതിലൂടെ കണ്ടെത്താൻ കഴിയുമെന്ന്‌ ഗവേഷകർ പറയുന്നു. കായിക താരങ്ങളുടെ ഫിറ്റ്‌നസിനെയും പ്രകടനത്തെയും കുറിച്ച്‌ വിവരങ്ങൾ നൽകാനും പക്ഷാഘാതം വന്ന രോഗികളിലെ ചലന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മുതിർന്നവരിലെ ബാലൻസും സ്ഥിരതയും ഉറപ്പാക്കാനുമെല്ലാം ഈ ഉപകരണത്തിലൂടെ സാധിക്കുമെന്ന്‌ ഗവേഷണത്തിന് നേതൃത്വം നൽകിയ പരാഗ്‌ ചിട്നിസ് ചൂണ്ടിക്കാട്ടുന്നു. മറ്റ് അൾട്രാ സൗണ്ട്‌ യന്ത്രങ്ങൾ കുറഞ്ഞ സമയത്തേക്ക് പൾസുകൾ കടത്തി വിടുമ്പോൾ ഈ ഉപകരണത്തിൽ ദീർഘ നേരത്തേക്കുള്ള പൾസുകളാണ്‌ ഉപയോഗിക്കുന്നത്‌. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇതിലെ സിഗ്നലുകളെ വളരെ വേഗത്തിൽ വിലയിരുത്താൻ കഴിയുന്ന സോഫ്‌ട്‌ വെയർ ടൂളുകളും നിർമ്മിക്കുമെന്ന്‌ ഗവേഷകർ വ്യക്തമാക്കി.