കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി; മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം. ഈ നേട്ടത്തില്‍ 3 തവണ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. കാസ്പ് പദ്ധതിയില്‍ വരാത്ത ഗുണഭോക്താക്കള്‍ക്ക് കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ സഹായം ഉറപ്പാക്കാനായി മെഡിസെപ് നടപ്പിലാക്കി. 18 വയസിന് താഴെയുള്ള കുട്ടികളുടെ ചികിത്സ ഉറപ്പാക്കാനായി ആരോഗ്യ കിരണം പദ്ധതിയുമുണ്ടെന്നും മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘പൊതുജനാരോഗ്യം’ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗൃഹ പരിചരണം ശാസ്ത്രീയമാക്കി. ഹൃദ്യം പദ്ധതിയിലൂടെ 6491 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.