അജ്ഞാത ന്യൂമോണിയയെ സംബന്ധിച്ച് ചൈന ഡബ്ല്യുഎച്ച്ഒക്കു വിശദീകരണം നൽകി. കുട്ടികളിൽ പടരുന്ന അജ്ഞാത ന്യൂമോണിയ പുതിയ വൈറസ് മൂലമല്ലെന്നും കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്നു പനി വ്യാപിച്ചു എന്നും ആണ് ചൈന ഡബ്ല്യുഎച്ച്ഒക്കു നൽകിയ വിശദീകാരണം. ഒക്ടോബർ ആദ്യവാരമാണ് വടക്കൻ ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നൂറ് കണക്കിന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ചൈനീസ് നാഷണൽ ഹെൽത് കമ്മീഷൻ വ്യക്തമാക്കി.
വടക്കൻ ചൈനയിൽ കുട്ടികളിൽ അജ്ഞാത ന്യുമോണിയ രോഗം പടരുന്നതിനെ കുറിച്ച് ചൈനയോട് ലോകാരോഗ്യ സംഘടന നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. അതെ സമയം ചൈനയിലെ അജ്ഞാത ന്യൂമോണിയ പടരുന്ന സാഹചര്യം കണക്കിലെടുത്തു കേരളത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. ചൈനയിൽനിന്ന് അടുത്തിടെ വന്നവരെയും അവരുടെ കുട്ടികളെയും നിരീക്ഷിക്കും. കേരളത്തിൽ ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളിലെ വൈറൽ ന്യുമോണിയ ബാധിതരുടെ നിരക്ക് ഉയർന്നിട്ടുണ്ട്. ചികിത്സ തേടുന്നവർക്കു ചൈനയിൽനിന്നു വരുന്നവരുമായി സമ്പർക്കമുണ്ടോ എന്ന് പരിശോധിക്കും എന്നും, പകർച്ചവ്യാധി അവലോകന ഓൺലൈൻ യോഗത്തിൽ സംസാരിക്കവെ ആരോഗ്യമന്ത്രി വ്യക്തമാക്കി.