മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം പുരുഷന്മാരിലെ ബീജകോശങ്ങളുടെ അളവിനെയും എണ്ണത്തെയും ബാധിക്കാമെന്ന് പഠനം. ദിവസം 20 തവണയിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക്, അപൂര്‍വമായി മൊബൈല്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ബീജത്തിന്റെ അളവില്‍ 21 ശതമാനവും എണ്ണത്തില്‍ 22 ശതമാനവും കുറവ് ഉണ്ടാകാമെന്ന് ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. സ്പേം കോണ്‍സണ്‍ട്രേഷനും ടോട്ടല്‍ സ്പേം കൗണ്ടും അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കൊണ്ട് കുറയാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഫോണ്‍ പാന്റിന്റെ പോക്കറ്റിലിടുമ്പോള്‍ മൊബൈല്‍ ഫോണുകളിലെ റേഡിയോഫ്രീക്വന്‍സി ഇലക്ട്രോമാഗ്‌നറ്റിക് ഫീല്‍ഡുകള്‍ ബീജത്തെ സ്വാധീനിക്കുന്നുണ്ടാകാമെന്ന് പഠനം സൂചന നല്‍കുന്നു. എന്നാല്‍ നിരീക്ഷണ പഠനം മാത്രമായതിനാല്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഗവേഷകര്‍ നിരത്തുന്നില്ല. ഉയര്‍ന്ന ഫോണ്‍ ഉപയോഗവും കുറഞ്ഞ ബീജകോശങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം പഠനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രകടമായിരുന്നതായും ഗവേഷകര്‍ കണ്ടെത്തി. 2ജിയില്‍ നിന്ന് 3ജിയിലേക്കും പിന്നീട് 4ജിയിലേക്കും മൊബൈല്‍ സാങ്കേതിക വിദ്യ മാറിയതോടു കൂടി ഫോണിന്റെ ഔട്ട്പുട്ട് പവറില്‍ വന്ന കുറവാണ് ഇതിനുള്ള കാരണമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.