10 വയസുകാരിയെ എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി

10 വയസുകാരിയെ എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി. ഗുരുതരമായ എ.ആർ.ഡി.എസി.ക്കൊപ്പം അതിവേഗം സങ്കീർണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ 10 വയസുകാരിയെയാണ് എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സർക്കാർ മേഖലയിൽ ശിശുരോഗ വിഭാഗത്തിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്‌മോ വിജയകരമായി നടത്തുന്നത്. ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറവായതിനാൽ ശ്വസിയ്ക്കാൻ ബുദ്ധിമുട്ടുന്ന കുഞ്ഞിനെ ഒക്ടോബര് 13 നു ആശുപത്രിയിൽ അഡ്മിറ്റാക്കിയതിനു ശേഷം, വെന്റിലേറ്റർ സപ്പോർട്ട് നൽകി ചികിത്സ ആരംഭിച്ചിരുന്നു. എന്നാൽ വെന്റിലേറ്ററിന്റെ ചികിത്സയിൽ കുട്ടിയുടെ ശ്വാസകോശത്തിന് 65% ഓക്സിജനേ തലച്ചോറിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും എത്തിക്കുവാൻ കഴിയുമായിരുന്നുള്ളൂ. ഏതാനം മണിക്കൂറിനുള്ളിൽ കുട്ടിയുടെ മറ്റ് ശരീരാവയവങ്ങളുടെ പ്രവർത്തനങ്ങളും തകരാറിലാകാനും തുടങ്ങിയിരുന്നു. ഇതോടെ 14ന് രാത്രി 11.30 ഓട് കൂടി ഡോക്ടർമാർ കുട്ടിയ്ക്ക് എക്മോ ചികിത്സ ആരംഭിച്ചു. ഇതേ തുടർന്ന് ശ്വാസകോശത്തിന്റെ കാര്യക്ഷമത പതുക്കെ മെച്ചപ്പെട്ടുവരുകയും 10 ദിവസത്തിന് ശേഷം എക്മോ ചികിത്സ നിർത്തുകയും ചെയ്ത ശേഷം 28 വരെ കുട്ടി വെന്റിലേറ്റർ ചികിത്സ തുടരുകയും ചെയ്തു. ഇതോടെ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും ഓക്സിജൻ സഹായമില്ലാതെ ശ്വസിക്കാനും തുടങ്ങി. പൂർണ ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ ഉടൻ ഡിസ്ചാർജ് ചെയ്യും.