കുട്ടികളെ ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധന വില്പന സ്‌കൂൾ പരിസരത്ത് നടത്തുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി
സംസ്ഥാനത് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌കൂൾ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ കാരണങ്ങളാൽ ഇവയിൽ 81 കടകൾക്കെതിരെ അടച്ചുപൂട്ടൽ നടപടികൾ സ്വീകരിച്ചു. മിഠായികൾ, ശീതള പാനീയങ്ങൾ, ഐസ്‌ക്രീമുകൾ, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചത്. ഇത്തരം ഭക്ഷണ സാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. കൃത്രിമ നിറങ്ങളും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ കുട്ടികളെ ലക്ഷ്യമാക്കി വില്പന ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.