സർക്കാർ ആശുപത്രികളിൽ ഓപിയിൽ എത്തുന്ന ഒരു രോഗിക്കായി ചെലവഴിക്കാൻ സാധിക്കുന്നത് ഒന്നോ രണ്ടോ മിനിറ്റ് മാത്രം; കെ ജി എം ഓ എ

ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സർക്കാർ ആശുപത്രികളിൽ ഓപിയിൽ എത്തുന്ന ഒരു രോഗിക്കായി ചെലവഴിക്കാൻ സാധിക്കുന്നത് ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണെന്ന് തുറന്നുപറഞ്ഞ് ഡോക്ടർമാരുടെ സംഘടന കെ ജി എം ഓ എ.
രോഗവിവരം കേൾക്കാനും പരിശോധനയ്ക്കും ചികിത്സക്കും ഇത്ര ചുരുങ്ങിയ സമയം ആകുന്നത് ഡോക്ടറുടെയും രോഗിയുടെയും അവകാശങ്ങൾ ഒരുപോലെ ലംഘിക്കുകയാണെന്നും കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഡോക്ടർ – രോഗീ അനുപാതം ഒരു ഡോക്ടർക്ക് 1000 എന്ന നിലയിലാണ്. കേരളത്തിൽ 80,000 ഡോക്ടർമാർ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. ആരോഗ്യ വകുപ്പിൽ കേവലം 6165 ഡോക്ടർമാരുടെ തസ്തികകളാണുള്ളത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ മേഖലയിൽ ചികിത്സ തേടുന്നവരിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഒരു ഡോക്ടർക്ക് 1000 രോഗീ അനുപാതം ഉറപ്പാക്കാൻ 17,665 ഡോക്ടർമാരുടെ സേവനം ആവശ്യമാണെന്നും കെ ജി എം ഓ എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.