ലോകത്ത് പലയിടങ്ങളിലും പുതിയ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്നു. ബിഎ 2.86, ഇജി.5, തുടങ്ങിയ വകഭേദങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് പോസിറ്റീവായവരുടെ ജീനോം സ്വീക്വന്സിങ്ങിന്റെ വിവരങ്ങള്‍ ക്രോഡീകരിച്ച് കൃത്യമായി നിരീക്ഷിക്കണമെന്നും ലോകത്ത് പുതിയതായി കണ്ടെത്തിയ വകഭേദങ്ങളുമായി സാമ്യമുണ്ടോയെന്നു പരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇന്‍ഫ്ലുവന്‍സ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.പി.കെ.മിശ്ര നിര്‍ദേശിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഇജി.5 അന്‍പതോളം രാജ്യങ്ങളിലും ബിഎ 2.86 നാലു രാജ്യങ്ങളിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.