‘ഹോസ്‌പെക്‌സ് ഹെല്‍ത്ത് കെയര്‍ എക്‌സ്‌പോ 2023’ സെപ്റ്റംബറില്‍

അതിനൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയിലൂടെ സംസ്ഥാനത്തെ ആശുപത്രികളെയും ആരോഗ്യ രംഗത്തേയും പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് ‘ഹോസ്‌പെക്‌സ് ഹെല്‍ത്ത് കെയര്‍ എക്‌സ്‌പോ 2023’ സെപ്റ്റംബറില്‍ നടക്കും. സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ കൊച്ചി കളമശ്ശേരിയിലുള്ള സംറ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ആണ് എക്സ്പോ നടക്കുക. ‘ഹെല്‍ത്ത് കെയറിന്റെ ഭാവി: ഡിജിറ്റല്‍, ഡിവൈസസ്, ഡയഗ്‌നോസ്റ്റിക്‌സ് ‘ എന്നതാണ് പ്രമേയം. മേളയുടെ രണ്ടാം എഡിഷനാണിത്. തൃത്വം ഇന്റഗ്രിസാണ് എക്‌സ്‌പോയുടെ സംഘാടകര്‍. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ്, എഐഎംഇഡി, മറ്റ് മെഡിക്കല്‍ അസോസിയേഷനുകള്‍, ഇന്‍കുബേഷന്‍ സെന്ററുകള്‍ എന്നിവയുടെ സജീവ പങ്കാളിത്തമുണ്ടാകും.