തിരുവനന്തപുരം: കേരളത്തിന് അഭിമാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കിയ ആശുപത്രികളുടെ പട്ടികയില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അഞ്ചാം സ്ഥാനം സ്വന്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കിയ ആശുപത്രി കൂടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഹൈദരാബാദില്‍ നടന്ന നാഷണല്‍ ഇന്റര്‍വെന്‍ഷന്‍ കൗണ്‍സില്‍ മീറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 3,446 കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയാണ് ഇവിടെ നല്‍കിയത്. മികച്ച സേവനം നല്‍കിയ കാര്‍ഡിയോളജി വിഭാഗത്തിലെ മുഴുവന്‍ ടീമിനെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.