തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയില്‍ സന്ദേശമയച്ചും ഓണ്‍ലൈനില്‍ ക്ലാസ് നടത്തിയും തട്ടിപ്പു നടത്തിയതായി പരാതി. സന്ദേശം വിശ്വസിച്ച് ആറുമാസം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത മൂന്നാര്‍ സ്വദേശിയായ പെണ്‍കുട്ടി താന്‍ തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞത് മെഡിക്കല്‍ കോളജില്‍ നേരിട്ടുചെന്നപ്പോഴാണ്. മൂന്നാറിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് പ്ലസ്ടുവിന് ഉന്നതവിജയം നേടിയ പെണ്‍കുട്ടി 2022ലെ നീറ്റ് പരീക്ഷയിലും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. സംവരണവിഭാഗത്തില്‍പെട്ട കുട്ടി വിവിധ മെഡിക്കല്‍ കോളജുകളില്‍ അപേക്ഷ നല്‍കി. പ്രവേശന നടപടികള്‍ പൂര്‍ത്തിയായി സീറ്റ് ലഭിച്ചതായി തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ഇമെയില്‍ സന്ദേശം ലഭിച്ചു. 25,000 രൂപ ഫീസായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ആദ്യ ഗഡുവായി 10,000 രൂപ ഓണ്‍ലൈന്‍ ആയി അടക്കുകയും ചെയ്തു. 2022 നവംബറില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു. കോളേജില്‍ വരാന്‍ നിര്‍ദേശിച്ച് 3 പ്രാവശ്യം ഇമെയില്‍ വന്നെങ്കിലും പിന്നീടു വരേണ്ട എന്ന സന്ദേശം ലഭിച്ചു. എന്നാല്‍, വീണ്ടും ഇത്തരത്തില്‍ മെയില്‍ വരുകയും പിന്നീട് വരേണ്ട എന്ന് അറിയിക്കുകയും ചെയ്തതോടെ സംശയം തോന്നിയ കുട്ടി മെഡിക്കല്‍ കോളേജില്‍ നേരിട്ട് എത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്.