ഡോക്ടർ വന്ദന ദാസിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ

കൊട്ടാരക്കര: ഡോ. വന്ദന ദാസിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മാതാപിതാക്കള്‍ ഹൈക്കോടതിയില്‍. പ്രതി സന്ദീപ് സംഭവസമയം ലഹരി ഉപയോഗിച്ചിരുന്നതായും മാനസിക പ്രശ്‌നമുണ്ടായിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും, പ്രതിയുടെ രക്തത്തിലും മൂത്രത്തിലും പരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡും വ്യക്തമാക്കിയതോടെ പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് കേസില്‍ വഴിത്തിരിവായേക്കും. ആക്രമിക്കപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വന്ദനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കാത്തതും സംശയ നിഴലിലാണ്. ഈ സാഹചര്യത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.