കോഴിക്കോട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 3200 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി ചെലവഴിച്ചതെന്നും മിതമായ നിരക്കില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 70% ആളുകളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗീസൗഹൃദ അന്തരീക്ഷം ഉണ്ടാക്കണമെന്നതാണ് ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ മേഖലയില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി കോഴിക്കോട് ആശുപത്രി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ചെറുവണ്ണൂര്‍-നല്ലളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.