തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ശിരോവസ്ത്രവും സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് വിദ്യാര്‍ത്ഥികളുടെ കത്ത്. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കാറില്ല എന്നും മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിര്‍ബന്ധമാണെന്നും കത്തില്‍ പറയുന്നു. ഓപ്പറേഷന്‍ റൂം ചട്ടങ്ങള്‍ പാലിക്കുന്നതിനോടൊപ്പം മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍, ഈ സാഹചര്യത്തില്‍ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കുമ്പോള്‍ ഓപ്പറേഷന്‍ തീയറ്ററില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും. രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ കൈകള്‍ ഇടക്കിടക്ക് കഴുകി വൃത്തിയാക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാകും. ഈ സാഹചര്യത്തില്‍ കൈകള്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പാള്‍ മറുപടി നല്‍കി. വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്താനാണ് അധികൃതരുടെ തീരുമാനം.