എറണാകുളം: എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ശുചിത്വത്തിനൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടിക്ക് തുടക്കമായി. കളമശ്ശേരി നഗരസഭയിലെ തിരുനിലത്ത് ലൈനിലെ വീടുകളിൽ നിന്ന് ആക്രിസാധനങ്ങൾ ശേഖരിച്ചാണ് ജനകീയ ക്യാമ്പയിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് തുടക്കം കുറിച്ചത്. തുടർന്ന് പുതുശ്ശേരി മല, ഏലൂർ, കടുങ്ങല്ലൂർ പഞ്ചായത്ത് തുടങ്ങിയ ഇടങ്ങളിൽ മന്ത്രി നേരിട്ട് എത്തി ആക്രിസാധനങ്ങൾ ശേഖരിക്കുകയും വീടുകളിൽ ബോധവൽക്കരണ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. മാലിന്യനിർമാർജനത്തിന്റെ ഭാഗമായി വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചും നിരന്തര പോലീസ് പട്രോളിങ് ഏർപ്പെടുത്തിയും നിരീക്ഷണം ശക്തമാക്കും.
ക്യാമ്പയിന്റെ ഭാഗമായി ശുചീകരിച്ച സ്ഥലങ്ങളിൽ ഓപ്പൺ ജിം, ഓപ്പൺ പാർക്കുകൾ എന്നിവ സജ്ജീകരിക്കുന്നതിനായി നടപടികൾ സ്വീകരിക്കുമെന്നും എൽ.പി ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളിൽ ചിത്രകലാരൂപത്തിൽ ബോധവൽക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ബി.പി.സി.എല്ലിന്റെ അംഗീകാരം ലഭിച്ചാൽ ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് നിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ ഗൗരവമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.