തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇന്നലെ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അല്പംകൂടി വൈകി ജൂൺ എട്ടിനു മുമ്പ് എത്തുമെന്നാണ് പുതിയ പ്രവചനം. അറബിക്കടലിൽ നാളെ രൂപം കൊള്ളുന്ന ന്യൂനമർദ്ദത്തിന്റെ ശക്തിയും സഞ്ചാരപാതയും അനുസരിച്ചാകും കാലവർഷത്തിന്റെ വരവും ശക്തിയും. എട്ടിന് മുൻപ് സാഹചര്യം അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കാലവർഷം എത്തണമെങ്കിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയും മാലദ്വീപ്, ലക്ഷദ്വീപ് മുതൽ കേരളതീരം വരെ സ്ഥായിയായ മേഘാവരണം ഉണ്ടാവുകയും വേണം. നിലവിൽ ഇതൊന്നും ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.