തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ, മധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
കാലവർഷം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ജൂൺ നാലിന് ഏഴ് ജില്ലകളിൽ യല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. നിലവിൽ കാലവർഷം മാലിദ്വീപ്, കന്യാകുമാരി ഭാഗങ്ങളിൽ പ്രവേശിച്ചതായി കാലാവസ്ഥ കേന്ദ്രം സ്ഥിരീകരിച്ചു. തിങ്കളാഴ്ചയോടെ തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ന്യൂനമർദമായി ശക്തി പ്രാപിക്കുന്നത് കേരളത്തെയും ബാധിക്കുമെന്ന് കാലാവസ്ഥ ഏജൻസികൾ അറിയിച്ചു.